Malayali Live
Always Online, Always Live

എന്റെ കൈയിലുണ്ടായിരുന്ന അവസാനത്തെ 10 രൂപയാണ് നിങ്ങള്‍ ചോദിച്ചപ്പോള്‍ തന്നത്, കൊച്ചിന്‍ ഹനീഫ പറഞ്ഞു, ഓര്‍മകള്‍ പങ്കുവെച്ച് മണിയന്‍പിള്ള രാജു

4,737

മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്ന നടനാണ് കൊച്ചിന്‍ ഹനീഫ. വില്ലനായി എത്തിയ താരം പിന്നീട് സ്വഭാവ നടനായും ഹാസ്യ താരമായും മലയാളികളെ ഏറെ ചിരിപ്പിച്ചു. മണ്‍മറഞ്ഞെങ്കിലും ഒരിക്കലും മലയാളി മനസുകളില്‍ നിന്നും മായാത്ത നിരവധി കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ അദ്ദേഹത്തിന് ആയിട്ടുണ്ട്. ഇപ്പോള്‍ സുഹൃത്തായ കൊച്ചിന്‍ ഹനീഫയുമായി ബന്ധപ്പെട്ട് ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു.

ചാന്‍സ് തേടിയും ശുപാര്‍ശകള്‍ തേടിയും മണിയന്‍പിള്ള രാജുവും കൊച്ചിന്‍ ഹനീഫയും സിനിമ മോഹവുമായി ഉമാ ലോഡ്ജില്‍ ജീവിച്ച സമയം സംഭവിച്ച ചില കാര്യങ്ങളാണ് മണിയന്‍പിള്ള രാജു പറയുന്നത്. ഒരിക്കല്‍ രാവിലെ പുറത്തേക്ക് പോകുന്ന സമയം കൊച്ചിന്‍ ഹനീഫയോട് മണിയന്‍പിള്ള രാജു 10 രൂപ കടം മേടിച്ചു. എന്നാല്‍ പുറത്ത് പോയി തിരികെ വന്നപ്പോള്‍ ഭക്ഷണം പോലും കഴിക്കാതെ റൂമില്‍ തന്നെ ഇരിക്കുന്ന കൊച്ചിന്‍ ഹനീഫയെയാണ് മണിയന്‍പിള്ള രാജു കണ്ടത്.

തുടര്‍ന്ന് കൊച്ചിന്‍ ഹനീഫയോട് മണിയന്‍പിള്ള രാജു കാര്യം തിരക്കി. ‘ എന്റെ കൈയിലുണ്ടായിരുന്ന അവസാനത്തെ 10 രൂപയാണ് നിങ്ങള്‍ ചോദിച്ചപ്പോള്‍ തന്നത് ‘ . എന്താണ് നിങ്ങള്‍ ഇങ്ങനെ ചെയ്തത് എന്ന മണിയന്‍പിള്ള രാജുവിന്റെ ചോദ്യത്തിന് ‘എനിക്ക് അറിയാം നിനക്ക് വിശപ്പ് സഹിക്കാന്‍ പറ്റില്ലെന്ന് എനിക്കൊക്കെ ഇത് ശീലമാണെടോ’, എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ പറഞ്ഞ കൊച്ചിന്‍ ഹനീഫയെ തനിക്ക് ജീവിതത്തില്‍ മറക്കാന്‍ സാധിക്കില്ല എന്നാണ് മണിയന്‍പിള്ള രാജു ഒരു അഭിമുഖത്തില്‍ പറയുന്നത്.