Malayali Live
Always Online, Always Live

കൊടുംതണുപ്പിൽ തോർത്തുമുണ്ട് മാത്രം ധരിച്ചാണ്‌ ഒരുമാസത്തോളം മോഹൻലാൽ അഭിനയിച്ചത്; സംവിധായകന്റെ വാക്കുകൾ..!!!

959

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാവ് ആണ് മോഹൻലാൽ. കഴിഞ്ഞ നാല് പതിറ്റാണ്ടായി അഭിനയ ലോകത്തിൽ എതിരാളികൾ ഇല്ലാത്ത അഭിനേതാവ് ആണ് മോഹൻലാൽ. മലയാള സിനിമക്ക് എന്നും അഭിമാനം ആകുന്ന വിജയങ്ങൾ തന്നിട്ടുള്ള താരം കൂടിയാണ് ഇദ്ദേഹം. മറ്റു ഭാഷകളിലെ സൂപ്പർ സ്റ്റാറുകൾ പോലെ അല്ല മലയാളത്തിലേക്ക്. മികച്ച താര പ്രൗഢിക്കൊപ്പം മികച്ച അഭിനേതാക്കൾ കൂടി ആണ് മോഹൻലാലും മമ്മൂട്ടിയും അടക്കം ഉള്ള മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾ.

മോഹൻലാലിനെ പോലെ ഉള്ള താരങ്ങൾ വളരെ കഷ്ടപ്പെട്ടു തന്നെയാണ് ഇതുവരെ എത്തിയത് എന്ന് മലയാളം സംവിധായകൻ പി ചദ്രകുമാർ പറയുന്നു. സിനിമയുടെ മികവിന് വേണ്ടി എന്ത് റിസ്ക് എടുക്കാനും തയ്യാറാണ് മോഹൻലാൽ എന്നും സംവിധായകൻ പറയുന്നു. മോഹൻലാൽ ആദിവാസി യുവാവിന്റെ വേഷത്തിൽ എത്തിയ ചിത്രം ഉയരും ഞാൻ നാടാകെ. ആദ്യം രതീഷ് ആയിരുന്നു ചിത്രത്തിൽ നായകൻ ആയി തീരുമാനിച്ചിരുന്നത് എന്നും തുടർന്ന് മോഹൻലാൽ നായകൻ ആയി എത്തിയതും 28 ദിവസത്തോളം ചിത്രീകരണത്തിന് വേണ്ടി വയനാട്ടിൽ കൊടുംതണുപ്പിൽ മോഹൻലാൽ തോർത്തുമുണ്ട് മാത്രം ഉടുത്ത് അഭിനയിച്ചതിനെ കുറിച്ചും സംവിധായകൻ പറയുന്നത് ഇങ്ങനെ..

രതീഷിനെ ആണ് ചിത്രത്തിൽ നായകൻ ആയി ആദ്യം പരിഗണിച്ചത്. എന്നാൽ സിനിമയുടെ കഥകേട്ട് ആകൃഷ്ടനായ മോഹൻലാൽ ഈ റോൾ കിട്ടാനായി പുറകെ നടന്നുവെന്നും സംവിധായകൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ആ ചെറു പ്രായത്തിലും ലാൽ ആ റോളിനെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ഇന്ന് ലാൽ നമ്മൾ കാണുന്ന വലിയ സ്ഥാനത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോഴത്തെ പുതുതല മുറയിലെ കുട്ടികൾക്ക് ആ ഡെഡിക്കേഷൻ ഉണ്ടെന്നു തോന്നുന്നില്ലെന്നും ചന്ദ്രകുമാർ വ്യക്തമാക്കി.

ഉയരും ഞാൻ നാടാകെ എന്ന സിനിമയുടെ നിർമാതാക്കൾ എന്റെയടുത്തേക്ക് വരുന്നു. അന്ന് ലാൽ സെറ്റിലുണ്ട്. പിഎം താജിൽ നിന്ന് കഥയൊക്കെ കേട്ടപ്പോൾ ‘നല്ല റോളാണല്ലോ എനിക്ക് കിട്ട്വോ? എന്നായി ലാൽ. താജ് പറഞ്ഞു നീ ചന്ദ്രട്ടേനോട് പോയി ചോദിക്ക് എനിക്കറിയില്ല. ഉടനെ ലാൽ എന്റെയടുത്തേക്ക് വന്നു കാര്യം പറഞ്ഞു. അതു രതീഷിനെ ബുക്ക് ചെയ്തു വച്ചിട്ടുള്ളതാണെന്നു ഞാനും പറഞ്ഞു. കറുത്ത പരുക്കനായ ആദിവാസി ലുക്കുള്ളത് രതീഷിനാണ്. ‘അല്ല ചന്ദ്രേട്ടാ അത് ഞാൻ ചെയ്യാം’ എന്നായി ലാൽ. ‘നീ ശരിയാവില്ല’ എന്നു ഞാൻ തീർത്തു പറഞ്ഞു. മൂന്നുനാലു ദിവസം ഇതു തന്നെ പറഞ്ഞു നടന്നു. ഒടുവിൽ ഞാൻ പറഞ്ഞു വെളുത്ത നീ ഈ റോൾ ചെയ്താൽ ആളുകൾ എന്ന തല്ലും. നീ പോടാ. അതുകേട്ട് ലാൽ വല്ലാതെ വിഷമിച്ചു തിരിച്ചു പോയി. പിറ്റേ ദിവസം ഞാൻ നോക്കുമ്‌ബോൾ പോലീസ് ഓഫീസറായി വേഷം ചെയ്ത് നിൽക്കേണ്ടയാൾ കരിയൊക്കെ വാരിത്തേച്ച് തോർത്തുമുണ്ടു ഉടുത്ത് നിൽക്കുന്നു. കാറിൽ വരുമ്‌ബോൾ ഞാൻ കാണാൻ വേണ്ടി മുമ്പിൽ തന്നെ നിൽക്കുകയാണ്.

ഞാൻ കാണാത്ത പോലെ മുഖം തിരിച്ച് നടന്നു. പിള്ളേരോടു ചോദിച്ചു എന്താടാ ഇത്? അപ്പോൾ അവർ പറഞ്ഞു അത് ചന്ദ്രേട്ടൻ കാണാൻ വേണ്ടിയാണ്. അടുത്ത സിനിമയിലെ റോളിനു വേണ്ടി. ഞാനൊന്നും മിണ്ടിയില്ല. എന്റെ മുമ്ബിൽ കൂടി രണ്ടു പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും നടന്നു. മുടിയൊക്കെ പരത്തിയാണ് നിൽക്കുന്നത്. എന്നിട്ട് എന്റെയടുത്ത് വന്ന് ചന്ദ്രേട്ടാ എങ്ങനെയുണ്ടെന്ന് ചോദ്യം. പോലീസ് ഓഫീസറുടെ വേഷമല്ലേ നിനക്ക്? ഇതെന്തു വേഷമെന്നു ഞാൻ ചോദിച്ചു. ഇതാരാ ഇടാൻ പറഞ്ഞത്? പോയി മാറ്റിയിട്ടു വാ സമയമായി ഷൂട്ടിങ് തുടങ്ങണം. എന്നു പറഞ്ഞു. കണ്ണൊക്കെ നിറച്ച് ലാൽ പോയി. ഒന്നും മിണ്ടിയില്ല. പിന്നീട് ഞാൻ ആലോചിച്ചു ഇത്രയും ഡെഡിക്കേഷൻ അത് രതീഷിനില്ല.

റോളിനെക്കുറിച്ച് പറഞ്ഞതിനു ശേഷം എപ്പോഴാ ഷൂട്ട് തുടങ്ങുന്നതെന്ന് ഒന്നു വിളിച്ചു ചോദിക്കുക പോലും ചെയ്തിട്ടില്ല. ലാൽ ഒരുപക്ഷേ ഇതു മനോഹരമായി ചെയ്യുമെന്നു തോന്നി. ഒടുവിൽ ഞാൻ ലാലിനോടു പറഞ്ഞു റോൾ ഞാൻ തരാം. പക്ഷേ ഒരു നിബന്ധനയുണ്ട്. കാലിൽ ചെരിപ്പിടരുത്. പിന്നെ പാന്റും ഷർട്ടും ഒന്നു ധരിച്ച് നടക്കരുത്. ഞങ്ങൾ തരുന്ന തുണികളേ ഇടാവൂ. പിന്നെ ഇവിടെ ലൊക്കേഷനിൽ ഞങ്ങൾക്കൊപ്പം ഇരിക്കരുത്. നൂറ് ഒറിജിനൽ ആദിവാസികളെ കൊണ്ടു വരുന്നുണ്ട്. അവരുടെ ഇടയിൽ പോയി ഇരിക്കണം. അവർക്കൊപ്പമിരുന്ന് അവരുടെ ചേഷ്ടകളും ആഹാരം കഴിക്കുന്ന രീതിയും ഒക്കെ പഠിക്കണം. അതൊക്കെ അക്ഷരം പ്രതി അനുസരിച്ചു.

വയനാട്ടിലെ തണുപ്പിൽ പത്തിരുപത്തിയെട്ടു ദിവസം ലാൽ നന്നെ കഷ്ടപ്പെട്ടു. ഞങ്ങളൊക്കെ സ്വെറ്ററിട്ടു നടന്നപ്പോൾ ഒരു തോർത്തുമുണ്ടും പുതച്ച് കൊടും തണുപ്പിൽ അഭിനയിച്ചു. ആ കഷ്ടപ്പാടിനുള്ള ഫലം കാണുകയും ചെയ്തു. അതിമനോഹരമായിരുന്നു ആ റോൾ. ആ ഡെഡിക്കേഷൻ പുതിയ തലമുറയിലെ കുട്ടികൾക്കുണ്ടോ എന്നെനിക്കറിയില്ല. അന്ന് ആ പ്രായത്തിലും ലാൽ ആ റോളിനെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നുണ്ടായിരുന്നു. അന്നും പക്വതയുള്ള നടനായിട്ടില്ല ലാൽ. അന്നുതൊട്ടേ അങ്ങനെ ചിന്തിച്ചതുകൊണ്ടായിരിക്കാം ഇന്ന് ലാൽ നമ്മൾ കാണുന്ന വലിയ സ്ഥാനത്തിരിക്കുന്നത്.