ഓൺലൈൻ റമ്മി ഇനി നിയമവിരുദ്ധം. സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഓൺലൈൻ റമ്മികളിയെ നിരോധിത കളികളുടെ പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പുറത്തിറക്കി. 1960 ലെ കേരള ഗെയിമിങ് ആക്ട് സെക്ഷൻ 14 എയിലാണ് ഓൺലൈൻ റമ്മി കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയത്.
1960 ലെ കേരള ഗെയിമിങ്ങ് നിയമത്തിൽ ഓൺലൈൻ ചൂതാട്ടം ഓൺലൈൻ വാതുവപ്പ് എന്നിവകൂടി ഉൾപ്പെടുത്തുന്നതിൽ ഉചിതമായ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഓൺലൈൻ റമ്മിയും സമാനമായ ചൂതാട്ട പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന വെബ് പോർട്ടലുകൾക്കെതിരെ നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതി നിർദേശം.
സംസ്ഥാനത്തുള്ള നിലവിലുള്ള നിയമം അനുസരിച്ച് പരസ്യമായി പണംവച്ചു ചീട്ടുകളിക്കുന്നത് കണ്ടാൽ പോലീസിന് നിയമനടപടി സ്വീകരിക്കാൻ കഴിയുമായിരുന്നു. എന്നാപി ഇന്റർനെറ്റിലൂടെയുള്ള റമ്മി കളി ഈ നിയമപരിധിയിൽ ഉൾപ്പെട്ടിരുന്നില്ല.
ഈ പഴുത് മുതലെടുത്താണ് ഓൺലൈൻ റമ്മി ആപ്പുകൾ സജീവമായത്. നിയമഭേദഗതി വന്നതോടെ ഈ ആപ്പുകൾക്കെതിരെ പരാതി ലഭിക്കുന്ന മുറക്ക് നിയമനടപടിയെടുക്കാൻ പോലീസിനാകും.