Malayali Live
Always Online, Always Live

വിവാദ പരാമർശം; എംസി ജോസഫൈൻ രാജിവെച്ചു; സോഷ്യൽ മീഡിയ പ്രതിഷേധത്തിൽ അവസാനം കീഴടങ്ങി..!!

2,580

വിവാദ പരാമർശം നടത്തിയ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ രാജിവെച്ചു. ചാനൽ പരിപാടിക്ക് ഇടയിൽ പരാതിക്കാരിയോട് മോശമായി പെരുമാറുകയും വിവാദ പരാമർശങ്ങൾ നടത്തുകയും ചെയ്ത ശേഷം വ്യാപക പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങൾ വഴി ഉണ്ടായത്.

ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ആണ് യോഗം രാജിവെക്കാൻ ആവശ്യപ്പെട്ടത്. വനിതാ കമ്മീഷൻ പദവി അവസാനിക്കാൻ വെറും 8 മാസങ്ങൾ കൂടി ബാക്കിയുള്ളപ്പോൾ ആണ് ജോസെഫൈൻ രാജിവെക്കുന്നത്. വിവാദ പരാമർശം സിപിഎമ്മിനു നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലാണ് സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായത്.

പദവിയുടെ ഉത്തരവാദിത്തം ജോസഫൈൻ മനസിലാക്കിയില്ലെന്ന വിമർശം യോഗത്തിലുയർന്നു. ജോസഫൈന്റെ പെരുമാറ്റം തെറ്റായിപ്പോയെന്ന നിലപാടാണ് പാര്ട്ടിക്കുള്ളതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.കെ.ശ്രീമതി പറഞ്ഞു. ജോസഫൈൻ തെറ്റ് ഏറ്റു പറഞ്ഞതായും അവർ കൂട്ടിച്ചേർത്തു.

ദുരിതമനുഭവിക്കുന്ന പതിനായിരക്കണക്കിന് ജീവിതങ്ങൾ ഇവിടെയുണ്ട്. അവരുടെയൊക്കെ അത്താണിയാണ് വനിതാ കമ്മിഷൻ. അത്തരക്കാർ പരാതി പറയുമ്പോൾ പെരുമാറേണ്ട രീതിയുണ്ട്. പരാതി പറഞ്ഞ് മടങ്ങുമ്പോൾ അവർക്ക് ഒരു ആശ്വാസം ലഭിക്കുന്ന രീതിയിലാകണം ഉത്തരവാദിത്വപ്പെട്ടവരുടെ പെരുമാറ്റം പി.കെ.ശ്രീമതി പറഞ്ഞു. ഉചിതമായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ജോസഫൈന്റെ രാജിയോട് പ്രതികരിച്ചു. “ ന്യായീകരണ ക്യാപ്സൂളുകൾ ഇറക്കി ചിലർ ന്യായീകരിക്കാൻ ശ്രമിച്ചു.

ഡി വൈ എഫ് ഐ പോലുള്ള യുവജന സംഘടനകൾ പോലും അവരെ ന്യായീകരിച്ചു. അത് കേരളത്തിൽ വിലപ്പോകില്ലെന്ന് മനസിലായപ്പോഴാണ് സിപിഎം ഇത്തരമൊരു തീരുമാനം എടുത്തത് സതീശൻ പറഞ്ഞു. ഇന്നലെ ഈ വിഷയത്തിൽ ജോസഫൈൻ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.