കരിപ്പൂരിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി 35 അടി താഴ്ചയിലേയ്ക്ക് പതിച്ച് രണ്ടു പേർ മരിക്കാനിടയായ സംഭവത്തിൽ ഒഴിവായത് വൻ ദുരന്തം. വിമാനത്തിന് തീ പിടിക്കാതിരുന്നതാണ് മംഗലാപുരം വിമനത്താവള ദുരന്തത്തിന് സമാനമായേക്കാവുന്ന വലിയൊരു ദുരന്തമുണ്ടാകാതിരിക്കാൻ ഇടയാക്കിയത്.
174 മുതിർന്ന യാത്രക്കാരും 10 കുട്ടികളും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ട് വിമാന ജീവനക്കാരാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സംഭവ സമയത്ത് കനത്ത മഴയുണ്ടായിരുന്നു. ലാൻഡിങ്ങിനിടെ തെന്നിമാറി കൊണ്ടോട്ടി – കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയുമായിരുന്നു.
വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. കോക്ക്പിറ്റ് മുതൽ ആദ്യത്തെ വാതിൽ വരെയുള്ള മുൻ ഭാഗമാണ് പൂർണമായും തകർന്നത്. വിമാനം രണ്ടായി പിളർന്നിട്ടുണ്ട്. കോക്ക്പിറ്റിന് തൊട്ടു പിന്നിലുള്ള ബിസിനസ് ക്ലാസ്സിലെ യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.