Malayali Live
Always Online, Always Live

ത്രില്ലടിപ്പിച്ച് ദൃശ്യം 2 – ആദ്യ ഭാഗത്തെ വെല്ലുന്ന രണ്ടാം ഭാഗം; ട്വിസ്റ്റുകളുടെ പൊടിപൂരം; റിവ്യൂ..!!

3,329

മലയാള സിനിമയെ വീണ്ടും ഞെട്ടിച്ചു ജീത്തു ജോസഫ്. എന്തായാലും പൃഥ്വിരാജ് സുകുമാരൻ പറഞ്ഞത് പോലെ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ഏറ്റവും മികച്ച ചിത്രം ആണ് ദൃശ്യം 2. 2013 ൽ പുറത്തിറങ്ങിയ ദൃശ്യം ഇന്ത്യയിലും ചൈനീസിലും അടക്കം നിരവധി റീമേക്കുകൾ എത്തിയ ഒരു സിനിമ. മലയാളത്തിലെ ഏറ്റവും മികച്ച നടൻ മോഹൻലാൽ ചെയ്ത മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമ്പോൾ പ്രേക്ഷകരോട് നീതി പുലർത്തുക എന്നുള്ളത് തന്നെ ആണ് ഏറ്റവും വലിയ കടമ്പ. ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ആണ് ദൃശ്യം 2 വും.

രണ്ടാം ഭാഗങ്ങൾ എന്നും ഒന്നാം ഭാഗത്തിനോട് അത്രമേൽ നീതി പുലർത്താൻ കഴിയാതെ വരുന്നത് ആണ് കൂടുതലും സംഭവിക്കുന്നത്. അതുപോലെ ജീത്തു ജോസഫ്‌ എന്ന സംവിധായകന്റെ സമീപകാല ചിത്രങ്ങൾ ഒക്കെയും വലിയ ഒരു പ്രേക്ഷക പ്രീതി നേടിയെടുക്കാൻ കഴിഞ്ഞില്ല എന്നുള്ളത് വ്യക്തം. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകൾ കൊടുക്കാതെ തന്നെ ആണ് വമ്പൻ പ്രൊമോഷൻ നൽകി എങ്കിൽ കൂടിയും ചിത്രം കാണാൻ തുടങ്ങിയത്.

എന്നാൽ ആ പ്രതീക്ഷകൾക്ക് നീതി പുലർത്തുന്ന രീതിയിൽ വളരെ പതിഞ്ഞ തുടക്കം തന്നെ ആണ് ദൃശ്യം 2. കഥയിലേക്ക് പ്രവേശിക്കുന്നത് രണ്ടാം പകുതിയിൽ മാത്രമാണ് അതു‌വരെ ആ കുടുംബത്തെ ആ സംഭവം എങ്ങനെ ബാധിച്ചു എന്നാണ് സിനിമ വരച്ചിടുന്നത്. വളരെ പതിഞ്ഞ താളത്തിൽ പോയ ആദ്യ പകുതിയിൽ നിന്ന് വളരെ ചടുലമായ രണ്ടാം പകുതിയിലേക്കും മികച്ച പര്യവസാനത്തിലേക്കും ആണ് സിനിമ എത്തുന്നത്. ദൃശ്യം ആദ്യ ഭാഗത്തിൽ ജീത്തു ജോസഫ് എന്ന തിരക്കഥാകൃത്ത് നേടിയ അതേ തന്ത്രം തന്നെ. എന്നാൽ കൂടുതൽ ചടുല ഭാവങ്ങൾ കാണാൻ രണ്ടാം പകുതിക്ക് കഴിഞ്ഞു.

ദൃശ്യം പോലെ തന്നെ തിരക്കഥ തന്നെയാണ് ഇവിടെ ഏറ്റവും മികച്ചു നിൽക്കുന്നത്. പ്രേക്ഷകനെ നെഞ്ചിടിപ്പിക്കുന്ന സാഹചര്യങ്ങളിലൂടെ കൊണ്ട് പോകുന്ന തിരക്കഥ ഒട്ടും ബോറടിപ്പിക്കാതെ തന്നെ ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്നത്. പല സന്ദർഭങ്ങളിലും സിനിമയെ വേറൊരു തലത്തിലേക്ക് തന്നെ തിരക്കഥയിലെ ട്വിസ്റ്റുകൾ എത്തിക്കുന്നുണ്ട്. മേക്കിങ് ശരാശരിക്ക് മേലെ നിൽക്കുന്നതായിരുന്നു ചുരുക്കം ചിലയിടങ്ങളിൽ ഒരു സീരിയൽ നിലവാരത്തിലേക്ക് പോയ പോലെ അനുഭവപ്പെട്ടു. അതിന് കാരണം സിനിമ ചിത്രീകരണത്തിൽ ഉണ്ടായ പരിമിതികൾ തന്നെ ആണെന്ന് പറയേണ്ടി വരും.

പൊതുവിൽ നിന്നും വ്യത്യസ്തമായി കാസ്റ്റിംഗിലും ഒരുപാട് പുതുമുഖങ്ങൾ ഉണ്ടായിരുന്നു. ജോസ് എന്ന കഥാപാത്രം ചെയ്ത ആൾ ഇടയ്ക്ക് ചില സീനുകളിൽ ഡയലോഗ് ഡെലിവറി മോശം തോന്നിയപ്പോൾ ചിലയിടങ്ങളിൽ നന്നാക്കി. എന്നാൽ അഭിനയം കൊണ്ട് വലിയ ശ്രദ്ധ നേടാൻ ആ കഥാപാത്രത്തിന് കഴിഞ്ഞു എന്ന് വേണം പറയാൻ. ആന്റണി ചെയ്ത പോലിസ് വേഷം കുറച്ചു നേരമേ ഉണ്ടായിരുന്നു എങ്കിലും ശരീര ഭാഷ മുതൽ ഡയലോഗ് ഡെലിവറി വരെ വലിയ മികവ് പുലത്താൻ കഴിഞ്ഞില്ല എന്ന് പറയേണ്ടി വരും.

സായി കുമാർ ചെയ്ത തിർക്കഥകൃത്തിന്റെ വേഷം ഒരിക്കൽ കൂടി തന്റെ അഭിനയ പാടവത്തിന്റെ അങ്ങേയറ്റം പുറത്തെടുത്തു എന്നു വേണം പറയാൻ. വളരെ കുറച്ചു സീനുകൾ ഉള്ളൂ എങ്കിൽ കൂടിയും മികവ് പുലർത്തി. അൻസിബ ഹസൻ എന്ന താരം അഭിനയ മികവ് പുലർത്തി എന്ന് വേണം പറയാൻ. മീന, എസ്ഥേർ, അഞ്ജലി, ആശ ശരത്ത്, സിദ്ദിഖ്, എന്നിവർ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ മുരളി ഗോപി നടത്തിയത് ഗംഭീര പ്രകടനം എന്നു തന്നെ വേണം പറയാൻ. എന്നാൽ ഇതൊന്നും മോഹൻലാൽ എന്ന നായകൻ ജോര്ജുകുട്ടിക്ക് മുന്നിൽ ഒന്നുമല്ലാതെയായി എന്നു പറയേണ്ടി വരും. വലിയ കോലാഹലങ്ങൾ ഇല്ലാത്ത ആദ്യ പകുതി പിടിച്ചിരുതുന്നതിൽ നല്ലൊരു പങ്ക് ഇതിൽ മോഹൻലാൽ എന്ന നടന്റെ അഭിനയത്തിനുണ്ട്.

സ്വന്തം കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതലയും ആഘാതത്തിൽ കഴിയുന്ന മകളെ വളരെ സ്വഭാവികമായി നിർത്തുകയും ഒക്കെ ചെയ്യുന്ന അച്ഛൻ വേഷം മോഹൻലാൽ വളരെ മികച്ചു നിൽക്കുന്നുണ്ട്. സിനിമയുടെ ബിജിഎം തുടക്കത്തിൽ ശരാശരിയോ അതിൽ താഴെയോ തോന്നിച്ചപ്പോൾ രണ്ടാം പകുതിയിൽ വളരെ മികച്ച ലെവലിൽ എത്തി. എന്നാൽ പടം അവസാന നിമിഷങ്ങൾക്ക് എത്തുമ്പോൾ ബിജിഎം അതേ ആകാംക്ഷയിൽ പ്രേക്ഷകനൊപ്പം സഞ്ചരിച്ചു. ഒരേ ഒരു പാട്ടാണ് ഉള്ളത് എങ്കിൽ കൂടിയും മികച്ചു നിന്നു.

ക്യാമറ മികവ് പുലർത്തി. ആദ്യ ഭാഗം പോലെ അമിതമായ ഷോട്ടുകൾ കൊണ്ട് ഒന്നും ശ്രമിച്ചില്ല എങ്കിലും ഈ ചിത്രത്തിന്റെ പാകം ഇതാണെന്ന്‌ തോന്നിപ്പിച്ചു. രണ്ടര മണിക്കൂറോളം ഉള്ള സിനിമ ആദ്യ പകുതിയിലെ ചില വേഗ കുറച്ചിലുകൾ ഉണ്ടായോ എന്നു സംശയം തോന്നി. എന്നാൽ പതിയെ തുടങ്ങി വേഗത്തിൽ അവസാനിക്കുന്ന രീതി തന്നെയാണ് ജീത്തു ജോസഫ് നടത്തിയത്. സംവിധായകൻ വളരെ നന്നായി തന്നെ സിനിമ എടുത്തു എങ്കിൽ കൂടി സംവിധായകനെക്കാൾ മുന്നിൽ തന്നെയായിരുന്നു ജീത്തു ജോസഫിലെ എഴുത്തുകാരൻ.

സംവിധാനം മോശം ആയി എന്നൊന്നും അല്ല നന്നായി തന്നെ വന്നു എന്നിരുന്നാലും ഇത്രയും നല്ലൊരു തിരക്കഥ അതിനേക്കാൾ മികച്ച രീതി അർഹിക്കുന്നു എന്ന് തോന്നി എങ്കിൽ കൂടിയും എല്ലാം പാകത്തിന് ആയാൽ അതാണ് ഏറ്റവും മികച്ചത് എന്നു തന്നെ വേണം പറയാൻ. ആദ്യ പകുതിയുടെ അവസാനത്തിൽ നൽകുന്ന ട്വിസ്റ്റിൽ അക്ഷരാർത്ഥത്തിൽ ജീത്തു എന്താണ് ഉദ്ദേശിക്കാൻ പോകുന്നത് എന്ന് ചില ആശയങ്ങൾ പ്രേക്ഷകന് നൽകി എങ്കിൽ കൂടിയും അതിന്റെ മുകളിൽ തന്നെ ആയിരുന്നു രണ്ടാം പകുതിയിലെ ഓരോ രംഗങ്ങളും. ട്വിസ്റ്റ് എന്നൊന്നും അല്ല വിശേഷണം നൽകേണ്ടത്. ഓരോ സീൻ കഴിയുമ്പോഴും അതിലേറെ ആകാംഷ നൽകുന്ന അടുത്ത സീനുകൾ. ഒരുപക്ഷേ ഒരു തീയറ്ററിൽ റിലീസ് ആയിരുന്നു എങ്കിൽ തീയറ്ററിലേക്ക് ഒരു ജനപ്രവാഹം തന്നെ ഉണ്ടായേനെ എന്ന് പറയേണ്ടി വരും.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം ഒ ടി ടി റിലീസ് ആയിരുന്നു. ആമസോൺ പ്രൈമിൽ ആണ് ഫെബ്രുവരി 19 സിനിമ റിലീസ് ചെയ്തത്. ഏഷ്യാനെറ്റ് ആണ് ചിത്രത്തിന്റെ സാറ്റലൈറ്റ് പാർട്ടണർ.