Malayali Live
Always Online, Always Live

കടം കയറി നഷ്ടമായത് സ്വന്തം വീടാണ്; വീണ്ടും അതുപോലെ സംഭവിക്കുമ്പോൾ; ജീവിത യാതനകളെ കുറിച്ച് സാജൻ സൂര്യ..!!

2,738

സാജൻ സൂര്യ മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് ഇത്രയേറെ സുപരിചിതനായ സീരിയൽ നടൻ ഉണ്ടോ എന്നുള്ളത് തന്നെ സംശയം ആണ്. അത്രയേറെ അടുപ്പമാണ് സാജൻ സൂര്യ ഒട്ടേറെ കഥാപാത്രങ്ങളിൽ കൂടി മലയാളികൾക്ക് നൽകിയത്. ജീവിത നൗക എന്ന സീരിയലിൽ ആണ് സാജൻ അഭിനയിച്ചു കൊണ്ട് ഇരിക്കുന്നത്.

ഒട്ടേറെ താരങ്ങൾ കുറിപ്പുകളും വിശേഷങ്ങളും ഒക്കെ ആയി സോഷ്യൽ മീഡിയ വഴി എത്താറുണ്ട്. തനിക്ക് ഒരിക്കൽ ജീവിതത്തിൽ സംഭവിച്ചത് ഇന്ന് വീണ്ടും തനിക്ക് മുന്നിൽ ഒരു കഥയായി കാണുമ്പോൾ പഴയ ഓർമകളിലേക്ക് താൻ അറിയാതെ പോകുക ആണ് എന്ന് സാജൻ പറയുന്നു. നഷ്ടങ്ങൾ ഇത്രയേറെ തന്നെ വേദനിപ്പിച്ചു എന്ന് സാജൻ പറയുന്നു. എന്നാൽ വേദനകൾ വീണ്ടും കണ്മുന്നിൽ കാണുമ്പോൾ വലിയ വ്യത്യസങ്ങൾ ഒന്നുമില്ല എന്നും സാജൻ പറയുന്നു.

സാജന്റെ കുറിപ്പ് ഇങ്ങനെ…

ജനിച്ചു വളർന്ന വീട് വിട്ട് പോകേണ്ട അവസ്ഥ അനുഭവിച്ചവർ എത്ര പേരുണ്ടിവിടെ? ജീവിത സാഹചര്യത്തിനനുസരിച്ചും കല്യാണം കഴിഞ്ഞ് മാറിത്താമസിക്കുന്നവരും അല്ലാതെ ബാല്യം കൗമാരം യവ്വനം വരെ ചിലവഴിച്ച വീട് എന്നന്നേക്കുമായി നഷ്ടപ്പെട്ടവർക്ക് മാത്രേ അതിന്റെ വേദന അറിയൂ. മാളൂന് ഒരു വയസ്സാകുന്നതിനു മുന്നേ എനിക്കും ആ വീട് നഷ്ടപ്പെട്ടു.

ഓർമ്മകളെ കുറിച്ചു പറഞ്ഞാൽ ബാലിശമാകോ വലിയ പറമ്പ് , മുറ്റത്തെ ടാങ്കിൽ നിറയെ ഗപ്പികളും ഒരു കുഞ്ഞൻ ആമയും , മഴ പെയ്താൽ കൈയ്യെത്തി കോരാവുന്ന കിണർ അതിലെ മധുരമുള്ള വെള്ളം , കരിക്ക് കുടിക്കാൻ മാത്രം അച്ഛൻ നട്ട ഗൗരിഗാത്ര തെങ്ങ് (ആ ചെന്തെങ്ങിന്റെ കരിക്കിൻ രുചി പിന്നെങ്ങും കിട്ടിയിട്ടില്ല) നിറയെ കോഴികളും കുറേ കാലം ഞാൻ വളർത്തിയ മുയലുകളും എന്റെ മുറിയും കീ കൊടുക്കുന്ന ഘടികാരത്തിൽ ബാലരമയിൽനിന്നും കിട്ടിയ മായാവിയുടെ ഒട്ടിപ്പോ സ്റ്റിക്കറും എഴുതിയാ കുറേ ഉണ്ട്.

അഗ്നിക്കിരയാക്കി തിരുനെല്ലിയിൽ ഒഴുക്കിയതുകൊണ്ട് അച്ഛനുറങ്ങുന്ന മണ്ണെന്ന സ്ഥിരം സെന്റി ഇല്ല. അച്ഛന്റെ ഓർമ്മകൾ സാനിധ്യം അവിടുണ്ടായിരുന്നു. ത്രിസന്ധ്യനേരത്ത് എല്ലാം കെട്ടിപ്പെറുക്കി ഇറങ്ങിയപ്പാ കടം മുഴുവൻ തീർന്നെന്ന ആശ്വാസമായിരുന്നു ഗേറ്റ് കടക്കുവോളം.

കാറിൽ കയറി ഒന്നൂടൊന്ന് വീടിലേക്ക് നോക്കിയപ്പോ തലച്ചോറിൽ നിന്നൊരു കൊള്ളിയാൻ ഹൃദയത്തിലേക്ക് തുളച്ചു കയറി . എന്നെ സമാധാനിപ്പിക്കാൻ മോളെ ചേർത്ത് പിടിച്ച് ഭാര്യ എന്തൊക്കേ ചെയ്തു. ഇപ്പോ ഇത് എഴുതാൻ കാരണം എന്റെ ജീവിതത്തിൽ സംഭവിച്ച അതേ സാഹചര്യം അഭിനയിക്കേണ്ടി വന്നു ജീവിതനൗകയിൽ.

അന്നൊരു പഴയ മാരുതിയിൽ ആയിരുന്നെങ്കിൽ ഇന്ന് ബിലേറോയിൽ ആയിരുന്നു ജയകൃഷ്ണനും കുടുംബവും വീടുവിട്ടിറങ്ങിയത് എന്ന് മാത്രം. ജീവിതനൗക ഇത്തരത്തിൽ ജീവിതത്തോട് അടുത്തുനിൽക്കുന്ന ഒത്തിരി മുഹൂർത്തങ്ങൾ നൽകി.