കഴിഞ്ഞ മൂന്നര വർഷമായി സ്വീകരണ മുറിയിൽ കുടുംബ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ പ്രിയ പരമ്പര വാനമ്പാടി അവസാനിച്ചു. ഗംഭീര ട്വിസ്റ്റുകൾ നൽകി ആണ് സീരിയൽ തീർന്നത്. എന്നാൽ പ്രേക്ഷകർ പറയുന്നത് അത്ര പോരാ എന്ന് തന്നെയാണ്. റേറ്റിങ് ഏറെ മുന്നിൽ നിന്ന സീരിയൽ അവസാനിക്കുമ്പോൾ ആരാധകർക്ക് നിരാശ ഉണ്ടെങ്കിൽ കൂടിയും പപ്പിയുടെ തുറന്നു പറച്ചിലും ഭാവഭേദങ്ങളും എല്ലാം ഒരു പുത്തൻ അനുഭവം ആയി ആണ് പ്രേക്ഷകർക്ക് തോന്നിയത്.
കൊയിലമ്മ എന്ന തെലുങ്ക് സീരിയലിന്റെ മലയാളം പതിപ്പാണ് വാനമ്പാടി. സായി കിരൺ തന്നെ ആണ് രണ്ടു സീരിയലിലും നായകനായി എത്തിയത്. ശുഭകരമായ എൻഡിങ് അല്ലെന്ന് സുചിത്ര നായർ നേരത്തെ വ്യക്തമാക്കിയിരുന്നു. അനുമോളുടെ ജന്മരഹസ്യത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞതും മോഹന്റെ അമ്മയുടെ പ്രതികരണവുമൊക്കെയായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലുണ്ടായിരുന്നത്. തംബുരുവിന്റെ ജന്മരഹസ്യത്തെക്കുറിച്ച് മോഹൻ എല്ലാം മനസ്സിലാക്കിയെന്നറിഞ്ഞതോടെ തകർന്ന് പോവുകയായിരുന്നു പത്മിനി.
അങ്ങനെയൊരു ട്വിസ്റ്റ് പപ്പി പ്രതീക്ഷിച്ചിരുന്നില്ല. അച്ഛന് എല്ലാം അറിയാമെന്നും രണ്ട് പെണ്മക്കളാണ് തനിക്കെന്നുമാണ് അച്ഛൻ പറഞ്ഞതെന്നുമായിരുന്നു അനു മോൾ പറഞ്ഞത്. ഇതിന് ശേഷമായാണ് പത്മിനി നിർണായകമായ തുറന്നുപറച്ചിൽ നടത്തിയത്. ചെയ്ത തെറ്റുകൾക്ക് മാപ്പ് ചോദിച്ച് ശ്രീമംഗലത്തിന്റെ പടിയിറങ്ങിയിരിക്കുകയാണ് പപ്പി.
നമ്മൾ ഇനി കാണില്ലെന്നും അന്വേഷിച്ച് കണ്ടെത്താനായി ശ്രമിക്കരുതെന്നുമായിരുന്നു പപ്പി കുറിച്ചത്. മോഹനെ അഭിമുഖീകരിക്കാനാവില്ലെന്നും എല്ലാത്തിനും മാപ്പെന്നും തന്നോട് കാണിച്ച ദയക്ക് നന്ദിയെന്നും പപ്പി കുറിച്ചിരുന്നു.
പപ്പിയുടെ പോക്കിനെക്കുറിച്ച് മോഹനായിരുന്നു അനുമോളേയും തംബുരുവിനേയും അറിയിച്ചത്. മമ്മി ഇനി തിരികെ വരില്ലേയെന്ന് ചോദിച്ചപ്പോൾ ഉറപ്പായും വരുമെന്നും മോളെ കാണാനായി മമ്മി എത്തുമെന്നുമായിരുന്നു മോഹന്റെ മറുപടി. പപ്പിയോട് തനിക്ക് ദേഷ്യമില്ലെന്നും അവളെ താൻ സ്നേഹിച്ചിട്ടേയുള്ളൂയെന്നുമായിരുന്നു മോഹൻ പറഞ്ഞത്. ശ്രീമംഗലത്തിന്റെ ഗേറ്റ് എന്നും പപ്പിക്കായി തുറന്നിരിക്കും.
ആ വരവിനെക്കുറിച്ച് പ്രത്യാശയോടെ സംസാരിക്കുന്ന മോഹനേയും കുട്ടികളേയും കാണിച്ചാണ് സീരിയൽ അവസാനിച്ചത്. ക്ലൈമാക്സ് നിരാശപ്പെടുത്തിയെന്നായിരുന്നു ആരാധകർ പറഞ്ഞത്. ഒടുവിൽ ഇത്തരത്തിലൊരു ചതി ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നുമായിരുന്നു ആരാധകര് പറഞ്ഞത്.