ആ റോഡ് റോളർ ലേലത്തിന് വെച്ചത് മോഹൻലാൽ അറിയാഞ്ഞത് നന്നായി; മുൻകൂട്ടി തിരക്കഥയില്ലാതെ പിറന്ന ആ സൂപ്പർഹിറ്റ് ചിത്രത്തെ കുറിച്ച് മണിയൻപിള്ള രാജു..!!
മലയാളികൾ എന്നും ഇഷ്ടപ്പെടുന്ന ചിത്രങ്ങളിൽ ഒന്നാണ് പ്രിയദർശൻ സംവിധാനം ചെയ്തു ശ്രീനിവാസാന്റെ തിരക്കഥയിൽ എത്തിയ വെള്ളാനകളുടെ നാട്. എന്നാൽ ചിത്രത്തിൽ ഉള്ളതിനേക്കാൾ രസകരമായ സംഭവങ്ങൾ ഷൂട്ടിംഗ് സമയത്തും മറ്റും ഉണ്ടായിട്ടുണ്ട് എന്ന് ചിത്രത്തിന്റെ നിർമ്മതാവ് മണിയൻപിള്ള രാജു പറയുന്നു. 1988 ൽ പുറത്തിറങ്ങിയ ചിത്രം വമ്പൻ വിജയം ആയിട്ട് കൂടി തനിക്ക് ലഭിച്ചത് വെറും എഴുപതിനായിരം രൂപ മാത്രം ആയിരുന്നു എന്ന് മണിയൻപിള്ള രാജു പറയുന്നു. വമ്പൻ താരനിരയിൽ വന്ന ചിത്രത്തിൽ നായികയായി എത്തിയത് ശോഭന ആയിരുന്നു.
തിക്കുറിശ്ശി , ജഗദീഷ് , സോമൻ , മണിയൻപിള്ള രാജു , ലിസി , കുതിരവട്ടം പപ്പു , കെപിഎസി ലളിത തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരന്നു. മലയാളികൾക്ക് ഇടയിൽ ഏറെ ചർച്ച നേടിയ ഒന്ന് ആയിരുന്നു ചിത്രത്തിലെ റോഡ് റോളർ. പഴയ ആ റോഡ് റോളർ ലേലം ചെയ്യുക ആയിരുന്നു. എന്നാൽ ആ സംഭവം മോഹൻലാൽ അറിയാഞ്ഞത് നന്നായി എന്ന് മണിയൻപിള്ള രാജു പറയുന്നു. പഴയ കിണ്ടി മൊന്ത എന്നിവ ഒക്കെ കിട്ടിയാൽ പൊന്നും വിലക്ക് വാങ്ങുന്ന ആൾ ആണ് മോഹൻലാൽ. ഇത് അറിഞ്ഞിരുന്നു എങ്കിൽ മോഹൻലാൽ വാങ്ങിയേനെ. എൻ എൻ സാലിഹ് എന്ന കരാറുകാരൻ ആണ് 2 ലക്ഷം രൂപ നൽകി റോഡ് റോളർ വാങ്ങിയത്.
ഇതുപോലെ ചിത്രത്തിൽ രസകരമായ സംഭവങ്ങൾ ഏറെ ഉണ്ടായിട്ടുണ്ട് എന്ന് മണിയൻപിള്ള രാജു റേഡിയോ മാങ്കോക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഷൂട്ടിങ്ങിന് നാല് ദിവസങ്ങൾ മാത്രമുളളപ്പോൾ മാറ്റി എഴുതേണ്ടി വന്ന കഥയാണ് വെളളാനകളുടെ നാടിന്റേതെന്ന് മണിയൻ പിള്ളരാജു പറഞ്ഞു. ആദ്യത്തെ കഥ അത്ര പോരെ പുതിയ കഥ വേണമെന്ന് പ്രിയനോട് ശ്രീനി പറയുകയായിരുന്നു.. ആ ദിവസം എല്ലാ താരങ്ങളും സാങ്കേതിക വിദഗ്ധരും കോഴിക്കോട് മഹാറാണി ഹോട്ടലിൽ എത്തിയിരുന്നു.
തുടർന്ന് മാൽഗുഡി ഡേയ്സ് എന്ന നോവലിൽ ജപ്തി ചെയ്ത റോഡ് റോളർ ആന വലിച്ച് കൊണ്ട് പോകുന്ന രംഗമുണ്ട്. അതിനെ അടിസ്ഥാനമാക്കി ഒരു കഥ വികസിപ്പിക്കാമോ എന്ന് ചോദിക്കുകയായിരുന്നുവത്രേ.. എന്നാൽ ആ സമയം ശ്രീനിവാസൻ പൊൻമുട്ടയിടുന്ന താറാവ് എന്ന സിനിമയുടെ തിരക്കുമായി ഗുരുവായൂരിലായിരുന്നു. തുടർന്ന് ഓരോ ദിവസവും ചിത്രീകരിക്കേണ്ട സീനുകൾ മഹാറാണിയിലേയ്ക്ക് ഫോൺ വഴി വിളിച്ച് പറഞ്ഞ് കൊടുക്കുമായിരുന്നു. ചിലപ്പോൾ ഗുരുവായൂർ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് വരുന്ന ലോറികളിൽ സീനുകളെഴുതിയ കടലാസ് കൊടുത്ത് അയച്ചിട്ടുണ്ട്.
ലൊക്കേഷനിലെ ജനറേറ്റർ സ്റ്റാർട്ട് ചെയ്താലെ ശ്രീനിവാസന് എഴുത്ത് വരുകയുള്ളൂ എന്നും മണിയൻ പിള്ള രാജു അഭിമുഖത്തിൽ പറഞ്ഞു. എഴുതി പൂർത്തിയാക്കിയ തിരക്കഥ പോലും ഇല്ലെതെ വെറും 20 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. സിനിമയ്ക്ക് വേണ്ടി പിഡബ്ല്യുഡിയിൽ നിന്ന് റോഡ് റോളർ വാടകയ്ക്ക് കിട്ടാൻ ദിവസവും 1000 രൂപ നൽകിയിരുന്നു.
കൂടാതെ കോഴിക്കോട്ടുകാർ നല്ലയാൾക്കാരായതുകൊണ്ടാണ് ചെന്നുചോദിച്ചപ്പോൾ തന്നെ ഈസ്റ്റ്ഹിലിലെ വീട് വിട്ടുനൽകുകയും മതിൽ പൊളിക്കാൻ അനുവദിച്ചെന്നും മണിയൻ പിള്ള രാജു പറഞ്ഞു. ഈ രംഗം ഒറ്റ ടേക്കിൽ ചിത്രീകരിക്കാൻ വേണ്ടി രണ്ട് ക്യാമറ വെച്ചാണ് ചിത്രീകരിച്ചതെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.