മലയാളി അല്ലെങ്കിൽ കൂടിയും മലയാളിക്ക് സുപരിചിതമായ താരം ആണ് ബാല. തെന്നിന്ത്യൻ സിനിമയിൽ നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള താരം മലയാളത്തിൽ ശ്രദ്ധ നേടി തുടങ്ങിയത് പുതിയ മുഖം എന്ന ചിത്രത്തിലെ സുധി എന്ന വേഷത്തിൽ കൂടി ആണെന്ന് പറയാം. മോഹൻലാൽ ചിത്രങ്ങളിൽ അടക്കം വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ള ബാല , മലയാളത്തിലെ ഗായികയും ബിഗ് ബോസ് താരവും ആയ അമൃത സുരേഷിനെ ആണ് വിവാഹം കഴിച്ചത്.
റിയാലിറ്റി ഷോയിൽ സ്പെഷ്യൽ ഗസ്റ്റ് ആയി എത്തിയ ബാല അമൃത യെ കാണുകയും പ്രണയത്തിൽ ആകുകയും വിവാഹം ചെയ്യുകയും ആയിരുന്നു എന്ന് വാർത്തകൾ വന്നത്. എന്നാൽ തന്റെ വിവാഹം അങ്ങനെ ആയിരുന്നില്ല എന്നാണ് ബാല ഇപ്പോൾ പറയുന്നത്. അമൃത അടുത്തിടെ ഇട്ട പോസ്റ്റിൽ ആണ് ഏറെ കാലങ്ങൾക്ക് മുന്നേ വിവാഹ വേർപിരിയൽ നടത്തിയ ബാലയും അമൃതയും ഒന്നിക്കുന്നു എന്ന രീതിയിൽ വാർത്ത എത്തിയത്. ബാല രൂക്ഷമായ ഭാഷയിലും അതോടൊപ്പം അമൃതയും വാർത്ത വളച്ചൊടിച്ചു എന്ന് പറഞ്ഞു രംഗത്ത് വന്നിരുന്നു.
എന്നാൽ ഇപ്പോൾ തന്റെ വിവാഹ മോചനത്തെ കുറിച്ച് കൃത്യമായ മറുപടി നൽകുക തന്നെ ചെയ്യും എന്ന് പറഞ്ഞ ബാല ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് ഇങ്ങനെ..
എന്റെ വിവാഹമോചന കേസ് അഞ്ച് വർഷത്തിലേറെയായി നടക്കുന്നു. ഇപ്പോൾ കുറേ അഭിമുഖങ്ങളിലെ കാര്യങ്ങൾ മോശമായ രീതിയിൽ ചിത്രീകരിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ ഞാനൊരു പ്രതികരണവും നടത്തിയിരുന്നില്ല. കഴഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നില്ല. ആളുകളിൽ നിന്ന് ഞാൻ തന്നെ മാറി നിന്നു. ഞാൻ മിണ്ടാതെ ഇരിക്കുമ്പോൾ കൂടുതൽ അത് പ്രയോജനപ്പെടുത്തുകയായിരുന്നു. എന്നെയാണ് ലക്ഷ്യം വെച്ചതെങ്കിലും അത് മറ്റ് ചിലരെ കൂടി ബാധിക്കും. ഇനി മിണ്ടാതിരിക്കാൻ കഴിയില്ല.
എന്റെ സിനിമയിലെ കഥാപാത്രങ്ങൾ നോക്കിയല്ല ഒരു വ്യക്തി എന്ന നിലയിലാണ് എനിക്ക് ഇപ്പോഴുള്ള ആരാധകർ എന്നെ സ്നേഹിക്കുന്നത്. അതിനാൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് അവരെയും കബളിപ്പിക്കാൻ പാടില്ല. ഇപ്പോൾ എനിക്ക് പ്രതികരിക്കേണ്ടി വന്നു. ബാല ഒരു റിയാലിറ്റി ഷോയിൽ പോയി അവിടെ കണ്ട മത്സരാര്ഥിയുമായി പ്രണയത്തിലായി അവരെ വിവാഹം ചെയ്തു. ഇങ്ങനെയായിരുന്നു ഒരുകാലത്ത് ഞാൻ നൽകിയ അഭിമുഖങ്ങളിൽ വന്നിരുന്നത്.
പക്ഷെ സത്യം അതല്ല. 15 അഭിമുഖങ്ങളിൽ താൻ തന്നെ തിരുത്തൽ നൽകി. പക്ഷെ എന്നാലും ചിലരുണ്ടാക്കിയ പ്രണയകഥയിൽ തന്നെ എല്ലാവരും ഉറച്ച് നിൽക്കുകയാണ്. കാരണം അത് കേൾക്കാൻ രസമാണ്. ഇത് അവിടം കൊണ്ട് അവസാനിച്ചില്ല. പതിനാറാമത്തെ തവണ മുതൽ അവർ പറയുന്നതിന് ഞാൻ തലകുലുക്കി തുടങ്ങി. ഇപ്പോൾ അമൃതയുമായി ഒന്നിക്കുന്നു എന്ന വാർത്ത സൃഷ്ടിക്കപ്പെടുകയാണ്. ഫാൻസ് ഉൾപ്പടെയുള്ളവർ അത് വിശ്വസിക്കാൻ തയാറാവുന്നു. അവർക്ക് യാഥാർഥ്യം എന്തെന്നറിയില്ല.
വിവാഹ മോചനം നടക്കുന്ന നാളത്രയും ഞാൻ നേരിട്ടതെന്തെന്നോ എന്റെ മാതാപിതാക്കൾ അനുഭവിച്ചതെന്തെന്നോ എന്റെ മകളും ഞാനുമായുള്ള ബന്ധമെന്തെന്നോ അവർക്കറിയില്ല. എന്റെ വ്യക്തിപരമായ കാര്യമായതിനാൽ അത് മറ്റുള്ളവർ അറിയാൻ ഞാൻ താത്പര്യപ്പെടുന്നില്ല.